മുംബൈ: രാജ്യത്തെ വിഖ്യാത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ബോംബെയുടെ പേര് ഐഐടി മുംബൈ എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തയയ്ക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഐഐടി ബോംബെയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിനിടെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയ പ്രസ്താവനയാണ് വിവാദത്തിനു തിരികൊളുത്തിയത്. ഐഐടി ബോംബെയുടെ പേര് മാറ്റില്ലെന്നു മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷവിമർശനമാണ് എംഎൻഎസ് തലവൻ രാജ് താക്കറെ ഉയർത്തിയത്.
ബോംബെയുടെ പേര് മുംബൈ ആക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് ബിജെപി നേതാവ് രാം നായിക് ആണെന്ന് നാഗ്പുരിൽ ഇന്നലെ ഫഡ്നാവിസ് പ്രസ്താവിച്ചു. “ബോംബെ എന്നല്ല, ഞങ്ങൾ എല്ലായ്പോഴും മുംബൈ എന്നാണു പറയാറ്. ബോംബെ എന്നുള്ളത് മാറ്റി മുംബൈ ആക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു.
ഐഐടി ബോംബെയുടെ പേര് മാറ്റി ഐഐടി മുംബൈ എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയയ്ക്കും” - ഫഡ്നാവിസ് പറഞ്ഞു. ഐഐടി മുംബൈ എന്നാക്കണമെന്നും ബോംബെ ഹൈക്കോടതിയുടെ പേര് മുംബൈ ഹൈക്കോടതി എന്നാക്കണമെന്നും ബിജെപി നേതാവ് കിരിത് സോമയ്യ ആവശ്യപ്പെട്ടു.
ഇന്നലെ ഐഐടി ബോംബെയ്ക്കു പുറത്ത് ‘ഐഐടി മുംബൈ’ എന്നെഴുതിയ ബാനർ എംഎൻഎസ് പ്രവർത്തകർ സ്ഥാപിച്ചു. 1958ലാണ് ഐഐടി ബോംബെ സ്ഥാപിതമായത്. 1995ലാണ് ബോംബെയുടെ പേര് മുംബൈ എന്നാക്കി മാറ്റിയത്.
എന്നാൽ, ഐഐടിയുടെയും ഹൈക്കോടതിയുടെയും പേര് മാറ്റിയിട്ടില്ല. തമിഴ്നാടിന്റെ തലസ്ഥാനമായ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയെങ്കിലും ഐഐടി മദ്രാസ്, മദ്രാസ് ഹൈക്കോടതി എന്നു പേരുകൾ മാറ്റമില്ലാതെ തുടരുന്നു.